ബീഫിനേക്കുറിച്ച് പോസ്റ്റിട്ടത് രണ്ടുവർഷം മുമ്പ്; അസം യുവതിക്കെതിരേ കേസെടുത്തു
യഥാര്‍ത്ഥ പൗരന്‍മാരേയും എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ ഹിയറിങ്ങുകളിലും സഹായിക്കാറുണ്ട്. എന്നെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിഷയം ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്.
ഗുവാഹത്തി: രണ്ടുവർഷം മുമ്പ് ബീഫിനെക്കുറിച്ച് പോസ്റ്റിട്ടതിന് അസം യുവതിക്കെതിരേ കേസെടുത്ത് പോലിസ്. ഗുവാഹത്തി സര്‍വകലാശാലയില്‍ ഗവേഷകയായ രെഹ്ന സുല്‍ത്താനയ്‌ക്കെതിരെയാണ് ഐ ടി ആക്ട് ചുമത്തി പോലിസ് കേസ് എടുത്തിരിക്കുന്നത്.
2017ലാണ് യുവതി ബീഫിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിങ്ങനെ; "പാകിസ്താന്റെ സന്തോഷത്തില്‍ ആഘോഷിക്കാനും പിന്തുണയ്ക്കാനും ഇന്ന് ബീഫ് കഴിച്ചു. ഞാന്‍ എന്ത് കഴിക്കുന്നു എന്നുള്ളത് എന്റെ രസമുകുളങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പക്ഷെ, ബീഫ് എന്ന് കേള്‍ക്കുന്നത് കൊണ്ട് വിവാദമുണ്ടാക്കുകയും നിങ്ങളുടെ സ്വഭാവം കാണിക്കുകയും ചെയ്യല്ലേ."ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മൽസരം നടന്ന 2017 ജൂണിലെ ഒരു ദിവസമാണ് രഹ്ന ഇത് പോസ്റ്റ് ചെയ്തത്. അന്ന് വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ഒരു ക്രിക്കറ്റ് ആരാധിക എന്ന നിലയില്‍ തന്റെ നിരാശകൊണ്ടാണ് അത്തരത്തിൽ പോസ്റ്റ് ചെയ്തതെന്ന് പിന്നീട് രഹ്ന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് ചിലർ വ്യാപകമായി ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
ഒരു പ്രാദേശിക ന്യൂസ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നാണ് പോലിസിന്റെ വാദം. ഈദ് ദിനത്തോടനുബന്ധിച്ചാണ് രഹ്ന പോസ്റ്റിട്ടതെന്നായിരുന്നു വെബ്‌സൈറ്റ് പ്രചാരണം. രഹ്നയെ കുടുക്കാന്‍ വേണ്ടി ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ രജിസ്റ്ററിനെ വിമര്‍ശിക്കുന്ന കവിത ഷെയര്‍ ചെയ്തതിന് രഹ്നയ്ക്കും മറ്റ് ഒമ്പതുപേര്‍ക്കുമെതിരെ പോലിസ് കേസെടുത്തിരുന്നു.
യഥാര്‍ത്ഥ പൗരന്‍മാരേയും എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ ഹിയറിങ്ങുകളിലും സഹായിക്കാറുണ്ട്. എന്നെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിഷയം ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്. തനിക്കെതിരെ കേസെടുക്കാന്‍ പോലിസ് കാരണമാക്കിയ കവിതയില്‍ വിവാദമാക്കാന്‍ തക്ക ഒന്നുമില്ലെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.