ക്രൈം ബ്രാഞ്ച് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു അഞ്ച് പ്രതികളും. മുഖ്യപ്രതി റോയി ഡാനിയല്‍ കൊട്ടാരക്കര ജയിലിലും, സ്ത്രീകളായ പ്രതികള്‍ അട്ടക്കുളങ്ങര ജയിലിലും. സെപ്റ്റംബര്‍ 22ന് കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും നടപടികള്‍ സാങ്കേതിക കാരണങ്ങളില്‍ തട്ടി നീണ്ട് പോയി. ഒടുവില്‍ കേന്ദ്ര ഏജന്‍സി കേസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികള്‍ക്കായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു.
പ്രതികള്‍ ഹാജരായതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഴുവന്‍ പ്രതികളെയും 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. മാനേജിങ്ങ് പാര്‍ട്ണര്‍ റോയ് ഡാനിയേല്‍, ഭാര്യയും പാര്‍ട്ണറുമായ പ്രഭ തോമസ്,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഇരുവരുടെയും മക്കളുമായ റിനു മറിയം തോമസ്,റിയ ആന്‍ തോമസ്,.റേബ മേരി തോമസ് എന്നിവരെയാണ് സിബിഐ കോടതി കസ്റ്റഡിയില്‍ വിട്ടത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഓഗസ്റ്റ് 28 ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റിനു മറിയവും റേബ മേരിയും ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്.
മക്കള്‍ പിടിയിലായതോടെ 29 നാണ് ചങ്ങനാശ്ശേരിയില്‍ ഒളിവിലായിരുന്ന റോയ് ഡാനിയേലും പ്രഭ തോമസും പത്തനംതിട്ട എസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കേസ് സിബിഐ ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് നിക്ഷേപകരുള്ളത്. 2000 കോടി രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ടിടുണ്ടെങ്കിലും പ്രതികളുടെ പേരില്‍ 130 കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമാണ് ഇത് വരെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തിന് കണ്ടെത്താനായത്.