പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി; വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

Update: 2025-01-17 08:41 GMT
പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി; വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് മുൻ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജയിലിന് പകരം വീട്ടുതടങ്കല്‍ അനുവദിക്കണമെന്ന അപേക്ഷയും ജസ്റ്റിസുമാരായ എം എം സുന്ദരേഷും അരവിന്ദ് കുമാറും നിരസിച്ചു. ഇ അബൂബക്കറിന് വിചാരണക്കോടതിയില്‍ പുതിയ ജാമ്യഹരജി നല്‍കാം.

2022 സെപ്റ്റംബറിലാണ് ഇ അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു.ഇ അബൂബക്കറിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നവംബര്‍ 12ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

ഇ അബൂബക്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് എയിംസില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, എയിംസിലെ ചികില്‍സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ജാമ്യം നല്‍കരുതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. തുടര്‍ന്നാണ് ഈ ഘട്ടത്തില്‍ മെഡിക്കല്‍ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. ഹരജിക്കാരനെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിടണമെന്ന് അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ അഭ്യര്‍ഥിച്ചു. ഈ ആവശ്യവും കോടതി നിരസിക്കുകയായിരുന്നു.

Tags:    

Similar News