പ്രസാര്‍ഭാരതി 15 മിനിറ്റ് സംസ്‌കൃത പരിപാടി ആരംഭിക്കുന്നു; എതിര്‍പ്പുമായി തമിഴ് നേതാക്കള്‍
ന്യൂഡല്‍ഹി: പ്രസാര്‍ഭാരതിയുടെ പ്രാദേശിക ചാനലുകളില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രതിദിന സംസ്‌കൃതപരിപാടി പ്രക്ഷേപണം ചെയ്യാനുള്ള നീക്കത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ ഡിഎംകെയും വിടുതലൈ ചിരുത്തെഗല്‍ കച്ചിയും രംഗത്തുവന്നു.
8ാം ഷെഡ്യൂളില്‍ പറയുന്ന പ്രകാരം കേന്ദ്ര സര്‍ക്കാരിന് 22 ഔദ്യോഗിക ഭാഷകളെയും ഒരുപോലെ കാണാനും വൈവിധ്യങ്ങള്‍ നിലനിര്‍ത്താനും ബാധ്യതയുണ്ടെന്ന് ഡി എം കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയ മുതല്‍ ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കകയാണ്. മറ്റ് ഭാഷകള്‍ക്കു മുകളില്‍ ഇവ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യുടെ ഐക്യത്തിന് വിഘാതമായി മാറുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്‌കൃത ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മറണമെന്ന് ഡിഎംകെ മുന്നണിയിലുള്ള വിടുതലൈ ചിരുത്തെഗല്‍ കച്ചിയും ആവശ്യപ്പെട്ടു.
പുതിയ നീക്കം സംഘപരിവാറിന്റെ അജണ്ടയാണെന്ന് വിസികെ സ്ഥാപക പ്രസിഡന്റും എംപിയുമായ തോല്‍ തിരുമാവലവന്‍ പറഞ്ഞു. ഇത് തമിഴ് ഭാഷയ്ക്കു മാത്രമല്ല, എല്ലാ പ്രാദേശിക ഭാഷകള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.