കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊവിഡ്-19 ഇല്ല, 7 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വസിക്കാന്‍ വക നല്‍കിക്കൊണ്ട് കൊവിഡ് പരിശോധനാഫലം പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആര്‍ക്കും കൊവിഡ് 19 രോഗബാധയില്ല. മാത്രമല്ല, ആശുപത്രിയില്‍ കഴിയുന്ന ഏഴ് പേര്‍ക്ക് രോഗം ഭേദമായി. കോട്ടയത്ത് ആറ്, പത്തനംതിട്ടയില്‍ ഒന്ന് എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് രോഗമുക്തി. ഇന്നലെ മൂന്നു പേര്‍ക്കായിരുന്നു കൊവിഡ് ബാധയുണ്ടായത്. അതിനു തൊട്ടു മുന്‍ ദിവസങ്ങളില്‍ ആര്‍ക്കും രോഗബാധയുണ്ടായിരുന്നില്ല.
നിലവില്‍ 30 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുളളത്. ഇന്ന് പതിയ ഹോട്ട്‌സ്‌പോട്ടുകളും ഉണ്ടായിട്ടില്ല.
രോഗബാധ സംശയിക്കുന്ന 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പതിവ് പത്രസമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
14670 പേര്‍ നിരീക്ഷണത്തിലുണ്ട്. 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 34599 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നത്തെ നിലയില്‍ കേരളത്തില്‍ 8 ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി.
ജാമിഅ മില്ലിയ സര്‍വ്വകലാശാല ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഈ മാസം പതിനഞ്ചിനു മുമ്പ് ഹോസ്റ്റല്‍ ഒഴിയാനാണ് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുളളത്. മറ്റിടങ്ങളിലായി 1200 വിദ്യാര്‍ത്ഥികള്‍ കൂടെ കുടുങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുമായും ഇത് സംസാരിച്ചു.
ഗള്‍ഫില്‍ നിന്ന് നാളെ രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി നാട്ടിലെത്തുക.
ഇന്ന് മാത്രം ഇതര സംസ്ഥാനത്തുനിന്ന് 6,802 പേര്‍ കേരളത്തിലെത്തിയിട്ടുണ്ട്.