ബിജെപി നേതാക്കളെ കേസില്‍ പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ സുപ്രിംകോടതിയില്‍

Update: 2021-03-22 19:21 GMT

മുംബൈ: ഹോം ഗാര്‍ഡിലേക്കുള്ള തന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ അഴിമതിക്കും തെറ്റായ നടപടികള്‍ക്കുമെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുംബൈ കമ്മീഷണര്‍ പരം ബീര്‍ സിങ് സുപ്രിംകോടതിയെ സമീപിച്ചു. ആഭ്യന്തര മന്ത്രി തെളിവുകള്‍ നശിപ്പിക്കും മുമ്പ് അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശ്മുഖിനെതിരേ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലുളള എല്ലാ ആരോപണങ്ങളും ഹരജിയിലും സിങ് ആവര്‍ത്തിച്ചിട്ടുണ്ട്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരം ബീര്‍ സിങ്.

ആഭ്യന്തര മന്ത്രി തന്റെ ജോലിയില്‍ ഇടപെടുന്നുവെന്നും എം പി മോഹന്‍ ദല്‍കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളെ കുടുക്കാന്‍ ആഭ്യന്തര മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പോസ്റ്റിങ്ങിലും സ്ഥലംമാറ്റത്തിലും ആഭ്യന്തര മന്ത്രി തെറ്റായ രീതിയില്‍ ഇടപെടുന്നുവെന്നും പരം ബീര്‍ സിങ് ഹരജിയില്‍ പറയുന്നു. ദാദ്ര, നഗര്‍ ഹവേലിയില്‍ നിന്നുള്ള എംപിയാണ് ദല്‍കര്‍. ഏഴ് തവണ ലോക്‌സഭാ അംഗമായിരുന്നു.

ക്രൈം ഇന്റലിജന്‍സ് ഗ്രൂപ്പിലെ അച്ചിന്‍ വാസെ അടക്കം പോലിസ് ഉദ്യോഗസ്ഥരുമായി ദേശ്മുഖ് ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടന്നതായി ഹരജിയില്‍ പറയുന്നു. മുംബൈയിലെ സഞ്ജയ് പാട്ടിലും സീനിയോരിറ്റി മറികടന്ന് പങ്കെടുത്തു. തനിക്ക് പ്രതിമാസം 100 കോടി ആവശ്യമുണ്ടെന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് അത് പിരിച്ചെടുക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി പോലിസിന്റെ അന്വേഷണത്തില്‍ ഇടപെടുന്നതായും പരാതിയില്‍ പറയുന്നു.

ആഭ്യന്തര മന്ത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച സാഹചര്യത്തിലാണ് തന്നെ സ്ഥലം മാറ്റിയതെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.



Tags:    

Similar News