പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; വിക്രാന്തിന്റെ കമ്മീഷനിങ് നാളെ

Update: 2022-09-01 01:34 GMT

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പല്‍ വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്ന ചടങ്ങ് നാളെയാണ്. കൊച്ചി മെട്രോദീര്‍ഘിപ്പിക്കലിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

ഇന്ന് വൈകീട്ട് നാല് മണിക്ക് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്. സിയാലിന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് പേട്ട-തൃപ്പൂണിത്തുറ മെട്രോ പാത ഉദ്ഘാടനം ചെയ്യും. എറണാകുളം, എറണാകുളം ടൗണ്‍, കൊല്ലം റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണവും കറുപ്പന്തര-കോട്ടയം ചിങ്ങവനം പാതയുടെ വൈദ്യുതീകരണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിലും സംസ്ഥാനകമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്നുണ്ട്. കാലടി ശ്യംഗേരിമഠം സന്ദര്‍ശിക്കും. താജ് ഹോട്ടലിലാണ് താമസം.

നാളെ രാവിലെ 9.30നാണ് കൊച്ചി ഷിപ്പിയാര്‍ഡില്‍ ഐഎന്‍എസ് വിക്രാന്ത് ഔദ്യോഗികമായി സേനക്ക് കൈമാറുന്നത്. അതിനുശേഷം ബെംഗളൂരുവിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയില്‍ നിരീക്ഷണം ശക്തമാക്കി. 

Tags:    

Similar News