പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുജറാത്തില്‍ കോണ്‍ഗ്രസ്, എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി 200ഓളം കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി) അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ചിലരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
സൂറത്ത്, ഭാവ്‌നഗര്‍ സിറ്റി പോലിസ് ബുധനാഴ്ച രാത്രിയാണ് ഇരുപാര്‍ട്ടിയിലെയും പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്തെ പ്രതിഷേധം തടയാനാണ് നടപടി.
ഇന്ന് രാവിലെ ഉംറ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പോലിസുകാര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചതായി സൂറത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഭൂപേന്ദ്ര സോളങ്കി പറഞ്ഞു. 80 മുതല്‍ 100വരെ നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പുതിയവ പ്രഖ്യാപിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് സൂറത്തിലെയും ഭാവ്‌നഗറിലും പോലിസ് സ്‌റ്റേഷനുകളിലേക്ക് കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തണമെന്ന് പറഞ്ഞ് തന്നെയും മറ്റ് രണ്ട് വനിതാ നേതാക്കളെയും പുലര്‍ച്ചെ ഒരു മണിയോടെ പോലിസ് പിടികൂടിയതായി എഎപി നേതാവ് ജല്‍പബെന്‍ മക്വാന പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം മാത്രമേ ഇവരെ വിട്ടയക്കൂ എന്നാണ് അറിയുന്നത്.