മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി

Update: 2022-04-18 17:22 GMT

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മഹാരാഷ്ട്ര മഹാ വികാസ് അഗാഡി സര്‍ക്കാരിന്റേതാണ് ഈ സുപ്രധാനവിധി.

അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പളളികളിലെ ബാങ്ക് വിളി വിവാദമായതോടെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗരേഖ രണ്ട് ദിവസത്തിനുളളില്‍ പുറത്തിറങ്ങും.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആഭ്യന്തര മന്ത്രി പാട്ടീലും ലൗഡ്്‌സ്പീക്കര്‍ ഉപയോഗത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ഡിജിപി രജ്‌നീഷ് സേത്ത്, എസ്പി സഞ്ജയ് പാണ്ഡെ എന്നിവരാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്.

'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നിയമപരമായി അനുവദനീയമായ പരിധിക്കുള്ളിലാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതെന്നും നിയമലംഘകര്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉറപ്പാക്കാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്- പാട്ടീല്‍ മുന്നറിയിപ്പുനല്‍കി.

ലൗഡ് സ്പീക്കര്‍ ഉപയോഗം നിര്‍ത്തിച്ചില്ലെങ്കില്‍ പള്ളികള്‍ക്കുമുന്നില്‍ ഹനുമാന്‍ ചാലിസ പാടുമെന്ന് മഹാരാഷ്ട്ര നവ് നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ ഭീഷണി മുഴക്കിയതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 

Tags:    

Similar News