ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

വരുമാനം കുറഞ്ഞ ട്രിപ്പുകള്‍, സ്വകാര്യ ബസുകള്‍ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകള്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.

Update: 2021-11-08 13:16 GMT

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. ഡോക്കിലുള്ള മുഴുവന്‍ ബസുകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സര്‍വീസിന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ സ്വകാര്യ ബസുകള്‍ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകള്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. യൂനിറ്റുകള്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകള്‍ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസ് ഉടമകള്‍ അറിയിച്ചു.

Tags:    

Similar News