കണ്ണൂര്‍: കണ്ണൂര്‍- മയ്യില്‍ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. നാറാത്ത് ടൗണില്‍ ഇന്ന് രാവിലെ സ്വകാര്യബസ്സുകള്‍ തടഞ്ഞ് സര്‍വീസുകള്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പുതിയ തെരുകമ്പില്‍- മയ്യില്‍ റൂട്ടില്‍ പണിമുടക്ക് നടത്തുന്നത്. വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇന്ന് രാവിലെ 8.15 ഓടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസ്സുകള്‍ നാട്ടുകാര്‍ നാറാത്ത് തടഞ്ഞത്. തുടര്‍ന്ന് ഒരുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചിരുന്നു.
എന്നാല്‍, കുറച്ച് വിദ്യാര്‍ഥികളെ കയറ്റാറുണ്ടെന്നും ഒന്നിച്ച് കയറ്റുന്നത് മറ്റു യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതിനാലാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ഒരുമാസത്തോളമായി സ്വകാര്യബസ്സുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നും അതിനാലാണ് തടഞ്ഞതെന്നുമാണ് നാട്ടുകാരുടെ വിശദീകരണം. നാലോളം സ്വകാര്യബസ്സുകളും നിരവധി വാഹനങ്ങളും നടുറോഡില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു.
ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഒടുവില്‍ മയ്യില്‍ പോലിസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് 9.15 ഓടെ ഗതാഗതം പുനസ്ഥാപിച്ചു. എങ്കിലും പ്രതിഷേധസൂചകമായി സ്വകാര്യബസ്സുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.