സ്‌കൂള്‍ കുട്ടികളെ കൊണ്ട് മോഡിക്കും യോഗിക്കും ജയ് വിളിപ്പിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് അന്വേഷണം
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദീപക് മീണ മാധ്യമങ്ങളെ അറിയിച്ചു.
സിദ്ധാര്‍ഥനഗര്‍: റിപബ്ലിക് ദിന ചടങ്ങിനിടെ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജയ് വിളിപ്പിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ച സ്‌കൂളില്‍ നടന്ന റിപബ്ലിക് ദിന ചടങ്ങിലാണ് പ്രിന്‍സിപ്പാളും അധ്യാപകരും ചേര്‍ന്ന് മോഡിക്കും യോഗിക്കും ജയ് വിളിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
സിദ്ധാര്‍ഥ നഗര്‍ ജില്ലയിലെ സൊഹ്‌റാത്ഗഠ് പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റിപബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ ദേശീയ ഗാനത്തിനു ശേഷം സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പേരിലും മുദ്രാവാക്യം വിളിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നത് വീഡിയോയിലുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദീപക് മീണ മാധ്യമങ്ങളെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വീഡിയോയില്‍ നിന്നാണ് ജില്ലാ അധികാരികള്‍ വിഷയം ശ്രദ്ധിച്ചത്. വിഷയത്തില്‍ ഇതിനകം ഇടപെട്ടിട്ടുണ്ടെന്ന് ദീപക് മീണ പ്രതികരിച്ചു. ബേസിക് ശിക്ഷാ അധികാരി(ബിഎസ്എ)യോട് സംഭവത്തെ പറ്റി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ തക്കതായ ശിക്ഷ സ്വീകരിക്കുമെന്നും ദീപക് മീണ അറിയിച്ചു.