സ്വത്ത് തര്‍ക്കം; പാലക്കാട് എസ്എന്‍ഡിപിയില്‍ കലാപം
യൂണിയന്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന ട്രസ്റ്റ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.
പാലക്കാട്: കേരളശേരിയിലെ ശ്രീനാരായണ കോളജിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് പാലക്കാട് വെസ്റ്റ് എസ്എന്‍ഡിപി യൂണിയനില്‍ കലാപം. യൂണിയന്‍ അംഗങ്ങളില്‍ നിന്നും കോടികള്‍ സമാഹരിച്ചശേഷം കോളേജ് ആറുപേരുടെ പേരിലാക്കിയെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ആക്ഷേപം തള്ളിയ എസ്എന്‍ ട്രസ്റ്റ് ഭരണ സമിതി കോളെജിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് തിരിച്ചും ആരോപിച്ചു.
കേരളശേരിയില്‍ ശ്രീനാരായണ കോളെജ് ഓഫ് ആട്‌സ് ആന്റ് സയന്‍സ് കോളജ് തുടങ്ങുന്നതിന് എസ്എന്‍ഡിപി പാലക്കാട് വെസ്റ്റ് യൂണിയനു കീഴിലുള്ള അംഗങ്ങളില്‍ നിന്നും മൂന്നരക്കോടി രൂപ മൂന്നുകൊല്ലം മുമ്പ് സമാഹരിച്ചിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേഷനുള്ള നീക്കം നടക്കുന്നതിനിടെയാണ് യൂണിയന്‍ അംഗങ്ങള്‍ക്കിടയിലെ ഭിന്നത പുറത്തുവന്നത്.
യൂണിയന്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന ട്രസ്റ്റ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ കോളെജ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എഎന്‍ഡിപി നേതൃത്വം വിഷയത്തില്‍ ഇടപെട്ടില്ലെന്ന ആക്ഷേപവും പ്രതിഷേധക്കാര്‍ക്കുണ്ട്.