പാലാ ബിഷപ്പിനെതിരേയുള്ള പ്രതിഷേധം; മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് രഹസ്യ പ്രചാരണം

ഐക്യ ക്രൈസ്തവ സമിതിയുടെ പേരിലാണ് വര്‍ഗ്ഗീയ പ്രചാരണം നടക്കുന്നത്

Update: 2021-09-11 13:37 GMT
പാലാ ബിഷപ്പിനെതിരേയുള്ള പ്രതിഷേധം; മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് രഹസ്യ പ്രചാരണം

കോട്ടയം: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയുടെ പേരില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ഗൂഢശ്രമം. മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നത്.


പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഘ്പരിവാര്‍ അനുകൂല പാര്‍ട്ടികള്‍ ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തു വന്നിരുന്നു. മുസ്‌ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാലാ രൂപത ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. ഇതോടെ വിവാദത്തില്‍ വിശദീകരണവുമായി പാലാ രൂപത രംഗത്തു വന്നിട്ടുണ്ട്. ഏതെങ്കിലും സമുദായത്തെ ഉദ്ദേശിച്ചല്ല ബിഷപ്പിന്റെ പരാമര്‍ശമെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമുള്ള ന്യായീകരണവുമായി പാലാ രൂപത വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ചില ക്രിസ്ത്യന്‍ സംഘടനകള്‍ വിഷയം കടുത്ത വര്‍ഗ്ഗീയ ചേരിതിരിവിന് ഉപയോഗപ്പെടുത്തതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.


നാളെ മുതല്‍ കോട്ടയം ജില്ലയിലെ എല്ലാ മുസ്‌ലിം കച്ചവട സ്ഥാപനങ്ങളും ബഹിഷ്‌കരിക്കണമെന്ന പോസ്റ്ററുകള്‍ ക്രിസ്തീയ വാട്‌സാപ്പ് ഗ്രൂപ്പുകളിലും എഫ്ബി പേജുകളിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഐക്യ ക്രൈസ്തവ സമിതിയുടെ പേരിലാണ് വര്‍ഗ്ഗീയ പ്രചാരണം നടക്കുന്നത്. സിറോ മലബാര്‍ സഭ വിശ്വാസികള്‍ക്കിടയിലാണ് ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സിറോ മലബാര്‍ സഭയിലെ അംഗങ്ങളെ മുസ്‌ലിം വിരുദ്ധരും അതുവഴി സംഘ്പരിവാര്‍ അനുകൂലികളും ആക്കുക എന്ന കുറച്ചുകാലമായിട്ടുള്ള രഹസ്യ അജണ്ട നടപ്പിലാക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്.


പാലാ ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശവും അതിന് എതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളും ഉപയോഗപ്പെടുത്തി സിറോ മലബാര്‍ സഭയെ തങ്ങള്‍ക്ക് അനുകൂലമായ വോട്ട് ബാങ്കായി മാറ്റുക എന്ന സംഘ്പരിവാരത്തിന്റെ അജണ്ടയെ സഹായിക്കുന്ന വിധത്തിലാണ് ചില ക്രൈസ്തവ സംഘടനകളുടെ പ്രവര്‍ത്തനം. ബിഷപ്പ് ഹൗസിലേക്ക് ഇന്നലെ മുസ്‌ലിം ഐക്യവേദി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് മറുപടിയായി ഇന്ന് ബിഷപ്പിന് പിന്‍തുണ അറിയിച്ച് ക്രൈസ്തവര്‍ റാലി നടത്തിയിരുന്നു. ഇതിനോടൊപ്പമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്‌ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രാചാരണവും നടക്കുന്നത്.




Tags:    

Similar News