കോഴിക്കോട്: ഡോ. മുഹമ്മദ് ഷാഫി(സുഹൂരി)യെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ത്വിബ്ബുന്നബവി ഓപണ്‍ യൂനിവേഴ്‌സിറ്റ് ട്രസ്റ്റ്(ടിഎന്‍ഒയു) ഭാരവാഹികള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് ഡിപാര്‍ട്ട്‌മെന്റില്‍ പ്രൊഫെറ്റിക് മെഡിക്കല്‍ സിസ്റ്റം പ്രൊപോസലായി അംഗീകരിച്ച് അതിന്റെ മറ്റ് നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് അറസ്റ്റ് നടന്നിട്ടുള്ളത്. പ്രൊഫെറ്റിക് മെഡിസിനുമായി ബന്ധപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുക്കുന്നത് ഡോക്ടര്‍ മുഹമ്മദ് ഷാഫി(സുഹൂരി)യാണ്. ദീര്‍ഘ കാലം ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റ് നടപടികളിലേക്ക് പോയത്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നവരുടെ വിശ്വസ്ത തകര്‍ത്ത് ഈ സിസ്റ്റത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേസും അറസ്റ്റുമെന്ന് ടിഎന്‍ഒയു ആരോപിച്ചു. ഗുഢാലോചനക്കാരെ സമുഹത്തിന് മുന്നില്‍ കൊണ്ടുവരും. ഡോ. മുഹമ്മദ് ഷാഫി(സുഹുരി)ക്ക് എല്ലാവിധ പിന്തുണ നല്‍കാനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുക്കാനും ട്രസ്റ്റ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ് ബാഖവി അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി ഡോ. മുഹമ്മദ് ബഷീര്‍ മന്നാനി വിശദീകരണം നടത്തി. ട്രസ്റ്റികളായ ഡോ. ഷാഫി ബാഖവി, ഡോ. മുഹമ്മദ് അമീര്‍ ഇര്‍ഫാനി, ത്വബീബ് റാഫി അശ്അരി, ത്വബീബ് സൈനുല്‍ ആബ്ദീന്‍ പങ്കെടുത്തു.