അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഉത്തര്‍പ്രദേശിലും അസമിലും രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മരിച്ചു
പോലിസ് നടപടി കാരണമാണെന്നാണ് ആരോപണം
ന്യൂഡല്‍ഹി: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിലും അസമിലും രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മരിച്ചു. ഗുവാഹത്തിയിലും ലഖ്നോവിലുമാണ് സംഭവം. പോലിസ് നടപടി കാരണമാണെന്നാണ് ആരോപണം. എന്നാല്‍ പോലിസ് നടപടി കൊണ്ടല്ല മരണം സംഭവിച്ചതെന്നും ഇരുനേതാക്കളുടെയും ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇരു നഗരങ്ങളിലെയും പോലിസ് പറഞ്ഞു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ ശില്‍പി ബാബ സാഹേബ് അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം, മണിപ്പൂരിലെ അക്രമങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വം, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ആവശ്യം എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവം.
ഗുവാഹത്തിയില്‍, രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ, മുന്‍ രാജ്യസഭാ എംപി റിപുണ്‍ ബോറ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.ബാക്കിയുള്ളവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു.അഭിഭാഷകനും അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലീഗല്‍ സെല്‍ സെക്രട്ടറിയുമായ മൃദുല്‍ ഇസ്ലാമിന് പരിക്കേറ്റതിനേ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. പോലിസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചതിന് പിന്നാലെ, മൃദുല്‍ കുഴഞ്ഞുവീഴുകയായിരുന്നു.
''എണ്ണായിരത്തിലധികം ആളുകള്‍ രാജ്ഭവനിലേക്ക് പോകുമ്പോള്‍, പെട്ടെന്ന്, അസം പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അവര്‍ അത് മൂന്ന് തവണ പ്രയോഗിച്ചു... നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എനിക്കും പരിക്കേറ്റു. നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചു'' ബോറ പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് നടപടി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസിന് ഇതില്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അസം കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും സംസ്ഥാന പോലിസിന്റെ ക്രൂരമായ പീഡനത്തെ അപലപിച്ചു. ജനാധിപത്യ പ്രതിഷേധത്തിന്റെ ഭാഷ മനസ്സിലാവാത്ത സര്‍ക്കാരിന്റെ ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതല്ല, സംഭവ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നെന്നും ഗുവാഹത്തി പോലിസ് കമ്മീഷണര്‍ ദിഗന്ത ബരാഹ് പറഞ്ഞു. മൃദുല്‍ ഇസ്‌ലാമിന്റെ ശരീരത്തില്‍ മുറിവുകളൊന്നും ഇല്ലെന്നും ദിഗന്ത ബരാഹ് പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിഷേധം തടയാന്‍ അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് അസം കോണ്‍ഗ്രസ് സംസ്ഥാന പോലിസിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
ലഖ്നോവില്‍, സംസ്ഥാന അസംബ്ലിക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രഭാത് പാണ്ഡെ ശ്വാസം മുട്ടി മരിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
'പോലിസിന്റെ ക്രൂരത' മൂലമാണ് പാണ്ഡെ മരിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആരോപിച്ചു. ഈ സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. ഈ അപകടത്തില്‍ കോണ്‍ഗ്രസ് കുടുംബത്തിന് വേദനയും അമര്‍ഷവുമുണ്ട്. ഈ സംഭവം ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണ്ഡെയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് റായ് ആവശ്യപ്പെട്ടു .
എന്നാല്‍ പ്രതിഷേധത്തിനിടെ ബലപ്രയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ഓഫിസില്‍ നിന്ന് അബോധാവസ്ഥയില്‍ ഹസ്രത് ഗഞ്ചിലെ സിവില്‍ ആശുപത്രിയിലേക്ക് പാണ്ഡെയെ കൊണ്ടുപോയെന്നുമാണ് സെന്‍ട്രല്‍ ലഖ്നോ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രവീണ ത്യാഗിയുടെ ഭാഷ്യം.
അതേ സമയം ബിജെപി ഭരിക്കുന്ന അസമിലും ഉത്തര്‍പ്രദേശിലും ജനാധിപത്യവും ഭരണഘടനയും വീണ്ടും കൊലചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞു.ഗുവാഹത്തിയിലെയും ലഖ്‌നോവിലെയും കോണ്‍ഗ്രസ് നേതാക്കളുടെ മരണം ഏറെ ദുഃഖകരവും അപലപനീയവുമാണെന്ന്' അദ്ദേഹം എക്സില്‍ കുറിച്ചു. തങ്ങളെ ഒരാള്‍ക്കും പിന്തിരിപ്പിക്കാനാവില്ലെന്നും കോണ്‍ഗ്രസ് സത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പാര്‍ലമെന്റ് പരിസരത്ത് സംഘര്‍ഷം തുടരുകയാണ്.