ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി ഡോ. പിഎസ് ശ്രീകല ചുമതലയേറ്റു
ഡയറക്ടറായിരുന്ന പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഡയറക്ടര്‍ ചുമതലയേറ്റത്
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പിഎസ് ശ്രീകല ഇന്ന് തിരുവനന്തപുരം നളന്ദയിലെ ആസ്ഥാന ഓഫിസിലെത്തി ചുമതലയേറ്റു. ഡയറക്ടറായിരുന്ന പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ഡയറക്ടര്‍ ചുമതലയേറ്റത്.
സാക്ഷരത മിഷന്‍ മുന്‍ ഡയറക്ടറും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുമാണ് ഡോ. പി എസ് ശ്രീകല. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടര്‍, വനിതാ സഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.
ഇ.എം.എസിന്റെ ഭാഷാ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനനത്തില്‍ യു.ജി.സി ഫെല്ലോഷിപ്പോടെ പി.എച്ച്.ഡി നേടി. സംസ്‌കൃതത്തിലെയും ദ്രാവിഡഭാഷകളിലെയും സ്ത്രീസൂചകങ്ങള്‍ സംബന്ധിക്കുന്ന പഠനത്തില്‍ യു.ജി.സിയുടെ മേജര്‍ റിസര്‍ച്ച് പ്രൊജക്ട് പൂര്‍ത്തിയാക്കി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും, നവ നവോത്ഥാനത്തിന്റെ ഭാവുകത്വ പരിസരം എന്നിവയും വിശ്വസാഹിത്യത്തിലെ സ്ത്രീപ്രതിഭകള്‍, ഇ.എം.എസ് ഭാഷ സാഹിത്യം, ഫെമിനിസത്തിന്റെ കേരള ചരിത്രം, നിലവറകള്‍ തുറക്കുമ്പോള്‍ (എഡിറ്റര്‍), ഇ.എം.എസിന്റെ കഥ (ബാലസാഹിത്യം), മാല്‍പ്രാക്ടീസ് (കഥാസമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയാണ്. ഭര്‍ത്താവ് തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു. ഏക മകള്‍ തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ ഗായത്രി ബാബു.