സിദ്ദു മൂസ് വാലയുടെ ഘാതകര്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടിരുന്നുവെന്ന് പഞ്ചാബ് പോലിസ്
ഛണ്ഡീഗഢ്: സിദ്ദു മൂസ് വാലെ വധക്കേസിലെ പ്രതികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെയും ലക്ഷ്യമിട്ടിരുന്നതായി പഞ്ചാബ് പോലിസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു. സിദ്ദു മൂസ് വാലെ കേസിലെ മുഖ്യ പ്രതി ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൂണില്‍ സല്‍മാനും പിതാവ് സലിം ഖാനും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സലിം ഖാനും മകനും ഗായകന്‍ സിദ്ധു മൂസാ വാലയുടെ അതേ ഗതി ഉടന്‍ നേരിടേണ്ടിവരുമെന്നാണ് ഹിന്ദിയിലുള്ള കത്തില്‍ പറഞ്ഞിരുന്നത്.
ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദ്ദേശപ്രകാരം സല്‍മാനെ ലക്ഷ്യമിട്ട വിവരം പോലിസിന്റെ ചോദ്യം ചെയ്യലിനിടയില്‍ കപില്‍ പണ്ഡിറ്റാണ് പറഞ്ഞത്. ഇയാള്‍ പരാമര്‍ശിച്ച സച്ചിന്‍ ബിഷ്‌ണോയിയെയും സന്തോഷ് യാദവിനെയും പോലിസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.
സല്‍മാന്‍ ഖാനെ ലക്ഷ്യം വയ്ക്കാന്‍, സമ്പത്ത് നെഹ്‌റയുമായി സഹകരിച്ച് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു, അത് ഞങ്ങള്‍ മെയ് 30നാണ് അറിഞ്ഞതെന്ന് ഡിജിപി യാദവ് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഇന്റര്‍പോള്‍ വഴി ഗോള്‍ഡി ബ്രാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ധു മൂസ് വാല വധക്കേസില്‍ 23 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ പോലിസ് വധിച്ചു.
പ്രതിയായ ദീപക് മുണ്ടിയെയും രണ്ട് കൂട്ടാളികളായ കപില്‍ പണ്ഡിറ്റിനെയും രജീന്ദറിനെയും നേപ്പാള്‍ പോലിസ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നേപ്പാളിലുണ്ടായിരുന്ന രജീന്ദര്‍ ജോക്കര്‍, ഗോള്‍ഡി ബ്രാറുമായി ബന്ധപ്പെട്ടിരുന്നതായും ദുബായിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുകയാണെന്നും അവിടെ നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ തായ്‌ലന്‍ഡിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കാന്‍ 105 ദിവസമെടുത്തു. ഹരിയാന രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.