മുംബൈ: തനിക്കും പിതാവിനുമെതിരേ വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി. ജൂണ്‍ മാസത്തിലാണ് ഇരുവര്‍ക്കുമെതിരേ വധഭീഷണിയുണ്ടായത്. ഗായകന്‍ സിദ്ദു മൂസെ വാല കൊലചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനെതിരേ ഭീഷണിയുണ്ടായത്.
തോക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സല്‍മാന്‍ മുംബൈ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തിയത്. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കരുതിയാണ് ലൈസന്‍സിന് അപേക്ഷിച്ചതെന്ന് അദ്ദേഹം പോലിസ് കമ്മീഷണര്‍ വിവേക് പന്‍സാല്‍കറോട് പറഞ്ഞു. തോക്ക് ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചാല്‍ അപേക്ഷകന്‍ നേരിട്ട് പോലിസ് അധികാരികള്‍ക്കുമുന്നില്‍ ഹാജരാവണം. അതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.
ലോറന്‍സ് ബിഷോനിയുടെ സംഘമാണ് സല്‍മാനെ ഭീഷണിപ്പെടുത്തിയത്. ജോഗിങ് കഴിഞ്ഞ് സല്‍മാന്റെ പിതാവ് സാധാരണ വിശ്രമിക്കുന്ന ബെഞ്ചിലാണ് ഭീഷണിക്കത്ത് കിടന്നിരുന്നത്.
ലോറന്‍സ് ബിഷോനി ഇപ്പോള്‍ സിദ്ദു മൂസെ വാലെയെ കൊലപ്പെടുത്തിയ കേസില്‍ പോലിസ് കസ്റ്റഡിയിലാണ്.