മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരേ വധഭീഷണി. കത്തുവഴിയാണ് വധഭീഷണി ലഭിച്ചത്. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നായിരുന്നു ഭീഷണി. 2018 ല്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങള്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ വെടിവച്ച് കൊന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഭീഷണി എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ സിദ്ദു മൂസ് വാലയുടെ കൊലപാതകത്തില്‍ പോലിസ് ചോദ്യം ചെയ്തുവരികയാണ്.
ബാന്ദ്ര ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് കത്ത് കണ്ടെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് ആദ്യം കണ്ടതെന്ന് പോലിസ് പറഞ്ഞു. സലിം ഖാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ പതിവായി നടക്കാന്‍ പോകാറുണ്ട്. അവര്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയതെന്നും പോലിസ് പറഞ്ഞു.
കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രദേശവാസികളോട് പൊലിസ് വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. കഴിഞ്ഞ മാസം മെയ് 29 നാണ് സിദ്ധു മൂസേവാലയെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്. അദ്ദേഹത്തിന്റെ പിതാവ് നോക്കിനില്‍ക്കേയായിരുന്നു ആക്രമണം.