കൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന നടത്തും
പാലത്തിന്റെ ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ തകരാറു മൂലമാണ് പാലം തകര്‍ന്നത് എന്ന കരാറുകാരുടെ വിശദീകരണമുള്‍പ്പെടേ പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം പരിശോധിക്കും
കോഴിക്കോട്: മാവൂരിലെ തകര്‍ന്ന കൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന നടത്തും. ഡെപ്യൂട്ടി എന്‍ജിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന.പാലത്തിന്റെ ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ തകരാറു മൂലമാണ് പാലം തകര്‍ന്നത് എന്ന കരാറുകാരുടെ വിശദീകരണമുള്‍പ്പെടേ പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം പരിശോധിക്കും.
ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് ഇന്നലെ തകര്‍ന്ന് വീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിര്‍മ്മാണം തടസ്സപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് നിര്‍മ്മാണം ആരംഭിച്ചത്.25 കോടിയുടെ പാലം, നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതേസമയം കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുസ്‌ലിംലീഗ് നേതാവ് എംകെ മുനീര്‍ ആരോപിച്ചു.നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്നും എം കെ മുനീര്‍ ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കില്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എംകെമുനീര്‍ ചോദിച്ചു.സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും, ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കും.പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം.