ദോഹ: ഏലക്ക ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാപ്‌സിക്കം, ഏലക്ക, ശീതികരിച്ച പോത്തിറച്ചി എന്നിവ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാണ് പൊതുജനാരോഗ്യ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അംഗീകൃത ലബോറട്ടറിയുടെ അനാലിസിസ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഏപ്രില്‍ ഒന്നു മുതല്‍ ഖത്തറിലേക്ക് കയറ്റി അയക്കാനാവുകയുള്ളൂ.
ഉല്‍പന്നങ്ങള്‍ സുരക്ഷിതവും കാലാവധിയുള്ളതും സുരക്ഷാ, സാങ്കേതിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ളവയുമാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടില്ലെങ്കില്‍ ഇറക്കുമതിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് രാജ്യത്തെ എല്ലാ തുറമുഖങ്ങള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. കാപ്‌സിക്കവും ഏലക്കയും വിഷാംശമില്ലാത്തവയും പോത്തിറച്ചി ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മനെല്ല ബാക്ടീരിയരഹിതവുമായിരിക്കണമെന്നു അധികൃതര്‍ നിര്‍ദേശിച്ചു. ഇത് തെളിയിക്കുന്നതിന് അംഗീകൃത ലബോറട്ടറി (ഐഎസ്ഒ 17025)യുടെ അനാലിസിസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ സുരക്ഷിതവും മനുഷ്യ ഉപയോഗത്തിന് യോഗ്യവുമാണെന്നു സ്ഥിരീകരിച്ചു കൊണ്ടുള്ള ഇന്ത്യയിലെ (കണ്‍ട്രി ഓഫ് ഒറിജിന്‍) കോംപീറ്റന്റ് അതോറിറ്റികളുടെ സ്ഥിരീകരണം നിര്‍ബന്ധമാണ്.