കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍, കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി പരാതി. ബ്ലാസ്റ്റേഴ്സ് താരം ഐബന്‍ഭ ദോലിംഗിനെ ബെംഗളൂരുവിന്റെ വിദേശ താരം റയാന് വില്യംസ് അധിക്ഷേപിച്ചെന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പായ മഞ്ഞപ്പട ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്.ഓസ്ട്രേലിയന്‍ താരത്തിന്റെ നടപടിക്കെതിരെ ഐഎസ്എല്‍ സംഘാടകര്‍ക്ക് പരാതി നല്‍കിയതായി ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു. നടപടിയെടുക്കാന്‍ ബെംഗളൂരു എഫ്സി ക്ലബ്ബിനോട് ആവശ്യപ്പെട്ടതായും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മത്സരത്തിന്റെ 83ാം മിനിറ്റിലാണു സംഭവം. ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കായ ഐബന്ഭയുമായി കൊമ്പുകോര്‍ത്ത ബെംഗളൂരു സ്ട്രൈക്കര്‍ വില്യംസ് താരത്തിനു നേര്‍ക്കു നടന്നടുക്കുന്നതിനിടെ സ്വന്തം മൂക്ക് പൊത്തിയതാണു വിവാദത്തിന് ഇടയാക്കിയത്.