'ആക്രോശിക്കുന്നതിനിടെ അവനോട് ആവശ്യം ചോദിക്കാനുള്ള കരളലിവ് നിങ്ങള്‍ക്കില്ലെ'-മുകേഷിന്റെ വിവാദഫോണ്‍ വിളിയെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അന്തസ്സ് വേണം മുകേഷേ, അന്തസ്സ്. ആ പത്താം ക്ലാസ്സുകാരന്‍ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എംഎല്‍എയെ ആണ്്. അവന് മറുപടി കൊടുക്കേണ്ട ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ക്കുണ്ടെന്നും രാഹുല്‍

Update: 2021-07-04 10:49 GMT

കൊല്ലം: ആക്രോശിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങള്‍ക്കില്ലെ എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. അത്യാവശ്യം പറയാന്‍ ഫോണില്‍ വിളിച്ച പത്താം ക്ലാസ്സുകാരനോട് തനിക്ക് ഫോണ്‍ നമ്പര്‍ തന്ന കൂട്ടുകാരന്റെ കരണത്തടിക്കണമെന്ന കൊല്ലം എംഎല്‍എ എം മുകേഷിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ആറ് തവണ വിളിച്ചതിന്റെ പേരിലാണോ ആ പതിനാറുകാരന്റെ നേര്‍ക്ക് നിങ്ങളുടെ ധിക്കാരവും, ധാര്‍ഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പര്‍ അവന് കൊടുത്തതിന്റെ പേരില്‍ അവന്റെ കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പര്‍ കൊടുത്താല്‍ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ എന്നും രാഹുല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക് കുറിപ്പ്;

അന്തസ്സ് വേണം മുകേഷേ, അന്തസ്സ്.

നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോണ്‍ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോണ്‍ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ്.

എന്നാല്‍ ഇപ്പോള്‍ ആ പത്താം ക്ലാസ്സുകാരന്‍ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എംഎല്‍എയെ ആണ്്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ക്കുണ്ട്. അവന്‍ വാങ്ങുന്ന ബുക്കിന്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.

ആറ് തവണ വിളിച്ചതിന്റെ പേരിലാണോ ആ പതിനാറുകാരന്റെ നേര്‍ക്ക് നിങ്ങളുടെ ധിക്കാരവും, ധാര്‍ഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പര്‍ അവന് കൊടുത്തതിന്റെ പേരില്‍ അവന്റെ കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പര്‍ കൊടുത്താല്‍ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സാര്‍ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തില്‍ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങള്‍ അവനോട് ആക്രോശിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങള്‍ക്കില്ലെ? ഒരുപാട് സാധാരണക്കാരന്റെ വിഷമങ്ങള്‍ കേട്ട്, നാടകങ്ങള്‍ സൃഷ്ടിച്ച ഒ മാധവന്റെ മകന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ?

പ്രിയ കൊല്ലംകാരെ, എംഎല്‍എയുടെ പേരറിയാത്തവരെ നേരില്‍ കണ്ടാല്‍ ചൂരലിനു അടിക്കുമെന്ന് പറയുന്ന എം മുകേഷാണ് നിങ്ങളുടെ എംഎല്‍എ, അതിനാല്‍ ചൂരലിനടികൊള്ളാതിരിക്കാന്‍ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.

പിന്നെ ഒറ്റപ്പാലം എംഎല്‍എ ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിന്റെ സംശയത്തിന് സ്ഥലം എംഎല്‍എ അഡ്വ. കെ പ്രേംകുമാര്‍ മറുപടി പറയുക. ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവര്‍ പറയുക, യൂത്ത് കോണ്‍ഗ്രസിന് സാധ്യമായ എല്ലാ സഹായവും ചെയ്യും.

Tags:    

Similar News