ഹോളി നിറങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നതിന് വിസമ്മതിച്ച യുവാവിനെ കഴുത്ത് ഞെരിച്ചു കൊന്നു

Update: 2025-03-13 15:55 GMT

ജയ്പൂര്‍: ഹോളി ആഘോഷത്തിനിടെ യുവാവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ദോസ ജില്ലയിലെ റല്‍വാസ് ഗ്രാമത്തിലാണ് സംഭവം. 25കാരനായ ഹന്‍സ് രാജ് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. റല്‍വാസിലെ പ്രാദേശിക ലൈബ്രറിയില്‍ ഇരുന്ന് മല്‍സരപരീക്ഷക്കുള്ള പുസ്തകം വായിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ ശരീരത്തില്‍ അശോക്, ബബ്‌ലു, കാലുരാം എന്നിവര്‍ നിറം എറിയാന്‍ ശ്രമിച്ചു. ഇതിനെ ഹന്‍സ് രാജ് എതിര്‍ത്തു. ഇതോടെ മൂന്നംഗ സംഘം ഹന്‍സ് രാജിനെ ചവിട്ടുകയും ബെല്‍റ്റുകൊണ്ട് അടിക്കുകയുമായിരുന്നു. അതിനുശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും എഎസ്പി ദിനേശ് അഗര്‍വാള്‍ വ്യക്തമാക്കി.

രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹവുമായി റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹന്‍സ് രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രതികളെ എത്രയും വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലിസും ജില്ലാ ഭരണകൂടവും ഉറപ്പുകള്‍ നല്‍കിയതോടെ മൃതദേഹം അധികൃതര്‍ക്ക് കൈമാറി.

Similar News