ശ്രീനഗര്‍: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും. ലഡാക്കിലേക്കും ജമ്മുവിലേക്കും നടത്തുന്ന രണ്ട് ദിവസത്തെ യാത്രയുടെ ഭാഗമാണ് അമര്‍നാഥ് സന്ദര്‍ശനം. ഡിഫന്‍സ് ചീഫ് ജനറല്‍ ബിപിന്‍ രാവത്തും കരസേന മേധാവി എം എം നരവനെയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നദ്ദേഹം നിയന്ത്രണ രേഖയും യഥാര്‍ത്ഥ നിയന്ത്രണ രേഖയും സന്ദര്‍ശിക്കും. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ട്.
ലുകുങില്‍ തമ്പടിച്ചിട്ടുള്ള സേനാവിഭാഗങ്ങളായി മന്ത്രി ഇന്നലെ ആശയവിനിമയം നടത്തിയിരുന്നു. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിപോലും ഒരു ശക്തിയ്ക്കും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി സേനാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി. അതേസമയം ചര്‍ച്ചയിലൂടെ സമവായത്തിലെത്തുന്നതാണ് നല്ലതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതിര്‍ത്തിപ്രദേശത്ത് ചൈന തുടങ്ങിയവച്ച നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ജൂണ്‍ 15 ന് 20ഓളം സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തി. ചൈനയ്ക്ക് അത്ര തന്നെ സൈനികരെ നഷ്ടപ്പെട്ടുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.