ധനബില്ലിന് രാജ്യസഭയുടെ അംഗീകാരം; മറുപടിപ്രസംഗത്തില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ സമ്പദ്ഘടനയെ താറുമാറാക്കിയെന്ന വിമര്‍ശനവുമായി ധനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനയ്ക്ക് അംഗീകാരം നല്‍കി രാജ്യസഭ 2021-22 വര്‍ഷത്തെ ധനബില്ല് പാസ്സാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭ ധനബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ താറുമാറാക്കിയെന്നും തെറ്റായ ദിശയിലേക്ക് നയിച്ചുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ധനബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സൂചിപ്പിച്ചു.
രാജ്യത്തെ നിഷ്‌ക്രിയ ആസ്തി മാര്‍ച്ച് 2020ലെ കണക്കനുസരിച്ച 8.99 ലക്ഷം കോടിയായി വര്‍ധിച്ചുവെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
''യുപിഎ ഭരണകാലത്തെ തെറ്റായ നയങ്ങള്‍ മൂലം സമ്പദ്ഘടന കാര്യങ്ങള്‍ കുഴഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 2020ലെ കണക്കില്‍ നിഷ്‌ക്രിയ ആസ്തി 8.99 ലക്ഷം കോടിയാണ്''- ധനമന്ത്രി പറഞ്ഞു.
2008ലെ ആഗോള സാമ്പത്തികപ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാനും വലിയ തോതില്‍ മൂലധനം രാജ്യം വിടാനും കാരണമായതായും ധനമന്ത്രി കുറ്റപ്പെടുത്തി.
2008 ലെ സാമ്പത്തിക പ്രതിസന്ധി കൊവിഡ് കാലത്തെപ്പോലെയായിരുന്നില്ല. പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ മാത്രം പ്രധാനമന്ത്രി നൂറോളം ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തിയതായും അതിന്റെ ഭാഗമായി കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു.
അതേസമയം ബംഗാളിലെ പിഎം കിസാന്‍ യോജനയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ എംപിയുമായി ധനമന്ത്രി തര്‍ക്കത്തിലേര്‍പ്പെട്ടു. അതുകൊണ്ടുതന്നെ മറുപടിപ്രസംഗം പെട്ടെന്നുതന്നെ അവസാനിപ്പിക്കേണ്ടിയും വന്നു.