ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാജ്യസഭയിലേക്ക്?; കോണ്‍ഗ്രസ് പട്ടിക ഉടനുണ്ടായേക്കും

മഹാരാഷ്ട്രയിൽ നിന്നോ കർ‍ണാടകയിൽ നിന്നോ രഘുറാം രാജനെ കോൺഗ്രസ് രാജ്യസഭയിൽ എത്തിക്കാനാണ് സാധ്യത.

Update: 2024-02-12 08:25 GMT

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കും. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് സൂചന. മഹാരാഷ്ട്രയില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ ഇദ്ദേഹത്തെ രാജ്യസഭയില്‍ എത്തിക്കാനാണ് സാധ്യത. അതേസമയം, പ്രിയങ്ക ഗാന്ധിയെ ഹിമചല്‍പ്രദേശില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. സോണിയാഗാന്ധിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും റായ്ബറേലിയില്‍ തന്നെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.

    15 സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരന്‍, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നു പത്തും മഹാരാഷ്ട്രയില്‍ ആറും സീറ്റുകളില്‍ മല്‍സരം നടക്കുന്നുണ്ട്. ഭരണമാറ്റമുണ്ടായ രാജസ്ഥാന്‍, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവില്‍ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.

Tags:    

Similar News