രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടന്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതില്‍

നിയമപരമായ സമയക്രമം പാലിച്ച് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Update: 2021-03-29 13:23 GMT

കൊച്ചി: കേരളത്തിലെ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരേ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിക്കാരായ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ആരോപിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

Tags:    

Similar News