രാജ്യസഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ പരാതിയുമായി ബിജെപി

Update: 2022-06-10 14:34 GMT

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മൂന്ന് എംഎല്‍എമാരും ഹരിയാനയിലെ രണ്ട് എംഎല്‍എമാരും നിയമം ലംഘിച്ചെന്നാരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബാലറ്റ് പേപ്പര്‍ ഈ എംഎല്‍എമാര്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് ബിജെപിയുടെ ദേശീയ നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി പക്ഷത്തിലെ 3 എംഎല്‍എമാര്‍ക്കും ഹരിയാനയിലെ 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമെതിരേയാണ് പരാതി നല്‍കിയത്.

കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവരുള്‍പ്പെടെയുള്ള ബിജെപി പ്രതിനിധി സംഘമാണ് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷനെ കണ്ടത്. തിരഞ്ഞെടുപ്പ് ഫലം അതിനുശേഷം മാത്രമേ പ്രഖ്യാപിക്കാവൂഎന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് നിയമലംഘനമാണെന്ന് 2017ല്‍ അഹ്മദ് പട്ടേലിന്റെ കേസിലെ വിധിയും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.

ആകെ 57 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും 16 എണ്ണത്തില്‍ ഒഴിച്ച് മറ്റെല്ലാ ഒഴിവുകളും എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags:    

Similar News