പുതിയ വിദ്യാഭ്യാസ നയം പിന്നാക്ക വിഭാഗത്തെ പുറം തള്ളുന്നതെന്ന് രാം പുനിയാനി
വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്തമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തെ പുറം തള്ളുന്നതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് രാം പുനിയാനി. എംഎസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയരേഖ' കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്തമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വിദ്യാഭ്യാസ നയ രൂപീകരിക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷം ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കാതെ ക്യാബിനറ്റ് അംഗീകാരം നല്‍കാനുള്ള ധൃതി കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്യുലറിസം, ദേശീയോദ്ഗ്രഥനം, സംവരണം എന്നി വിഷയങ്ങളിലെ നയരേഖ മൗനം പാലിച്ചത് ഇന്ത്യന്‍ സമൂഹത്തില്‍ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വികസിത ഇന്ത്യയെ ലക്ഷ്യമാക്കുന്ന നയരേഖയാണിതെന്ന് കോണ്‍ക്ലേവില്‍ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഷക്കീല ടി ഷംസു പറഞ്ഞു.നയരേഖയിലെ ഭാഷയുടെ രാഷ്ട്രീയം, സാമൂഹിക പശ്ചാത്തലങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ജെഎന്‍യു പ്രഫസര്‍ ബര്‍ട്ടണ്‍ ക്ലിറ്റസ് സംസാരിച്ചത്.
നയരേഖ രൂപീകരണത്തിലെ അവ്യക്തതകള്‍, രാഷ്ട്രീയ ഇടപെടലുകള്‍, വിദ്യാഭ്യാസത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ സൂചിപ്പിച്ചായിരുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി. പ്രഫ. ഡോ. സച്ചിന്‍ നാരായണന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. ഡല്‍ഹി ഗവണ്‍മെന്റ് ഫെല്ലോ ടി സി അഹമ്മദലി ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അര്‍ഷദ്, ദേശീയ വൈസ് പ്രസിഡന്റ് പി വി അഹമ്മദ് സാജു സംസാരിച്ചു.