രമ്യാ ഹരിദാസിനോട് ചെയ്യുന്നത് ഒളിച്ചുനോട്ടമല്ല, അധികാരത്തിന്റെ ചുഴിഞ്ഞുനോട്ടം
കെ കെ ബാബുരാജ്
'ഒളിച്ചുനോട്ട 'ത്തെ ഒരു അധമ പ്രവര്‍ത്തിയായിട്ടാണ് എല്ലാവരും കാണുന്നത്. എങ്കിലും ആണുങ്ങളും പെണ്ണുങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരസ്പരം ഒളിച്ചു നോക്കാറുണ്ട്.
സി .അയ്യപ്പന്റെ ഒരു കഥയില്‍, ഒരു നായര്‍ പെണ്‍കുട്ടി കുളിക്കുമ്പോള്‍ ഒളിഞ്ഞു നോക്കുന്ന ഒരു ദലിത് ചെറുപ്പക്കാരനെ അവളുടെ അച്ഛന്‍ പിടികൂടുകയും മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, ഈ ഒളിച്ചുനോട്ടത്തെ അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ 'ദുഷിച്ച' ഒരു രൂപാന്തരണമായിട്ടാണ് എഴുത്തുകാരന്‍ വര്‍ണ്ണിക്കുന്നത്. അതായത്, സാമൂഹികമായ വിലക്കുകള്‍ നിലനില്‍ക്കുന്നിടത്തു പ്രണയം പലതരത്തിലുള്ള രൂപാന്തരങ്ങളിലൂടയാവും ചലിക്കുക. ഫൂക്കോയെ പോലുള്ള ചിന്തകര്‍, ഒളിനോട്ടത്തില്‍ പരസ്പര സഹഭാവത്തിന്റെ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തിയിട്ടുള്ളത് .
ആലത്തൂര്‍ എം.പിയായ രമ്യ ഹരിദാസിനു മേല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അണികളും അവരുടെ പ്രൊപ്പഗണ്ട ബുദ്ധിജീവികളും നടത്തുന്നത് വെറും ഒളിനോട്ടമാണോ? അതില്‍ ഒരു സ്ത്രീയോടോ ദളിതയോടൊ കാണിക്കേണ്ടതായ സഹഭാവത്തിന്റെ, നീതിബോധത്തിന്റെ കണികയെങ്കിലുമുണ്ടോ? ഇല്ലെന്നതാണ് വസ്തുത. മറിച്ചു, അവര്‍ നടത്തുന്നത് അധികാരത്തിന്റെ ''ചുഴിഞ്ഞു നോട്ട'' മാണ് .
തങ്ങളുടെ ശക്തി കേന്ദ്രമായ ഒരു മണ്ഡലത്തില്‍ പ്രതീഷിക്കാത്ത വിജയം നേടുക മാത്രമല്ല, പാട്ടുപാടിയും ഏറ്റവും താഴെ തട്ടിലുള്ള സ്ത്രീകളെ ആകര്‍ഷിച്ചും പുതിയൊരു പ്രചാരണ ശൈലി കൊണ്ടുവന്നതുമാണ് ഇടതുവരേണ്യതക്ക് സഹിക്കാനാവാത്തത് .
പലരും ചൂണ്ടിക്കാട്ടിയത് പോലെ, കേരളത്തിലെ ചെറുതും വലുതുമായ എല്ലാ കക്ഷികളുടെയും നേതാക്കന്മാരും അനുയായികളും യാതൊരു ലക്കും ലഗാനുമില്ലാതെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും ഹോട്ടലുകളില്‍ രഹസ്യമായി ഭക്ഷണം കൊടുക്കുന്നുണ്ട്. മനുഷ്യര്‍ ഭക്ഷണം കഴിക്കാനായി എന്തെങ്കിലും ചെയ്യുന്നതാണോ നിങ്ങളെ സംബന്ധിച്ചു' മഹാകുറ്റം'?
രമ്യ ഹരിദാസ് വല്ലാതെ പ്രിവിലേജ് അനുഭവിക്കുന്നുണ്ടത്രേ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിപോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ, അവരുടെ ഭരണകൂടത്തിന്റെ സവിശേഷ ശത്രുതക്ക് വിധേയയായ ഒരു ദളിത് സ്ത്രീയുടെ പ്രിവിലേജ് കേരളത്തില്‍ എങ്ങനെ തകര്‍ക്കപ്പെടുമെന്നു എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസ്സ് പോലുള്ള ഒരു പ്രസ്ഥാനത്തിനു അവരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അറിയാം.
രമ്യ ഹരിദാസ് നുണ പറയുന്നു എന്നാണ് അവര്‍ പറയുന്നത്. നിരന്തരം കടന്നാക്രമിക്കപ്പെടുന്ന ഒരു സ്ത്രീ പിടിവള്ളിയായി ചില തെറ്റായ കാര്യങ്ങള്‍ പറയുന്നുണ്ടാവാം. പക്ഷേ, അത് സമൂഹം കാണുന്നതല്ലേ. എന്നാല്‍ നിങ്ങളുടെ മുഖ്യമന്ത്രി മുതല്‍ ഏറ്റവും താഴെ തട്ടിലുള്ളവര്‍ വരെ പറയുന്ന നുണകളും സമൂഹം കാണുന്നുണ്ടെന്നു നിങ്ങള്‍ ഓര്‍ക്കണം.
തീര്‍ച്ചയായും, കേരളത്തിലെ സവിശേഷ സാഹചര്യം മൂലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് സ്ഥിരമോ താല്‍ക്കാലികമോ ആയ ഭരണ തുടര്‍ച്ച കിട്ടിയിട്ടുണ്ട്. അതിന്റെ നെഗളിപ്പില്‍ ആരെയും ചുഴിഞ്ഞു നോക്കാനും പിശാചുവല്‍ക്കരിക്കാനും വംശീയമായി അധിക്ഷേപിക്കാനും ജനങ്ങള്‍ നിങ്ങള്‍ക്ക് അധികാരം തന്നിട്ടില്ല. സ്ഥിരമായ ഭരണ തുടര്‍ച്ച ഉണ്ടായിരുന്ന ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഓര്‍മിക്കപ്പെടുന്നത് നന്ദിഗ്രാമിന്റെ പേരിലാണ്. കേരളത്തില്‍, നിങ്ങള്‍ ദലിത് വിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും മുസ്‌ലിം വിരുദ്ധതയുടെയും പേരില്‍ ഓര്‍മിക്കപ്പെടാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത്.