മാള: തൈക്കൂട്ടം തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാധ്യത തെളിഞ്ഞു. 2018 ലെ മഹാപ്രളയത്തിലാണ് തൂക്കുപാലം തകര്‍ന്നത്. പാലം നേരത്തെ നിര്‍മ്മിച്ച കെല്‍ കമ്പനി തന്നെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പാലം നവീകരണത്തിന് ചാലക്കുടി മുന്‍ എംഎല്‍എ ബി ഡി ദേവസി മുന്‍കയ്യെടുത്ത് സര്‍ക്കാര്‍ 40 ലക്ഷം അനുവദിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതാണ് പാലംപണി വൈകിട്ടത്.
കരാറുകാരന്‍ വന്ന നിലയ്ക്ക് ഉടന്‍ പുനര്‍നിര്‍മ്മാണം ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 2013ല്‍ പണി ആരംഭിച്ച പാലം 2015ലാണ് തുറന്നുകൊടുത്തത്. ചാലക്കുടി പുഴക്ക് കുറുകെ പണിത പാലം കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെ തൈക്കൂട്ടം-വൈന്തല കടവുകളിലേക്കുള്ള ദൂരം കുറച്ചിരുന്നു. 2018ലെ മഹാപ്രളയത്തില്‍ പുഴയിലെ കുത്തൊഴുക്കില്‍ വന്‍മരങ്ങള്‍ വന്നിടിച്ചാണ് പാലം തകര്‍ന്നത്. റവന്യൂ വകുപ്പ് നിര്‍മ്മിച്ച പാലത്തിന്റെ സംരക്ഷണച്ചുമതല ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകാതെ എടുത്ത തീരുമാനത്തോട് കാടുകുറ്റി ഗ്രാമപഞ്ചായത്ത് വിയോജിച്ചു. തുടര്‍ന്ന് ജില്ലാപഞ്ചായത്തും പാലത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം ഉള്‍പ്പെടുത്തി ഫണ്ടിന് വേണ്ട നീക്കം നടത്തിയത്.
പാലം പുനര്‍നിര്‍മ്മിക്കുന്നതോടെ ഒരേ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട രണ്ട് പ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള നാട്ടുകാര്‍ നിലവില്‍ അനുഭവിക്കുന്ന യാത്രാ ദൈര്‍ഘ്യം കുറയും. ഒപ്പം പ്രദേശത്തിന്റെ ടൂറിസം സാധ്യതയും മെച്ചപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.