ഇറാന്‍ ശാത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വിദൂര നിയന്ത്രിത സംവിധാനവും നിര്‍മ്മിത ബുദ്ധിയും

Update: 2020-12-07 04:45 GMT

തെഹ്‌റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായിരുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ വധിക്കാന്‍ ഉപഗ്രഹ സേവനവും നിര്‍മ്മിത ബുദ്ധിയും ഉപയാഗിച്ചതായി ഇറാന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. കൊലപാതകം നടത്താനായി സാറ്റലൈറ്റ് ഉപകരണം വഴി നിയന്ത്രിക്കുന്ന നൂതന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചതായി ഇസ്ലാമിക് വിപ്ലവ ഗാര്‍ഡ് (ഐആര്‍ജിസി) വക്താവ് സെക്കന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ റമസാന്‍ ശരീഫ് അഭിപ്രായപ്പെട്ടു. കൃത്രിമ ബുദ്ധിയും (ഐ.ഐ) മുഖം തിരിച്ചറിയല്‍ സംവിധാനവും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഐആര്‍ജിസി ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സര്‍ദാര്‍ അലി ഫദവി പറഞ്ഞതായും ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജന്‍സി (ഇസ്‌ന) റിപ്പോര്‍ട്ട് ചെയ്തു.


സംഭവസ്ഥലത്ത് അക്രമികളാരും ഉണ്ടായിരുന്നില്ലെന്നും സാറ്റലൈറ്റ് വഴി നിയന്ത്രിച്ച ഒരു യന്ത്രത്തോക്കാണ് മുഹ്‌സിന്‍ ഫക്രിസാദെയുടെ മുഖം തിരിച്ചറിഞ്ഞ് ലക്ഷ്യം വെച്ചതെന്നും സര്‍ദാര്‍ അലി ഫദവി പറഞ്ഞു. ഇറാന്‍ ആണവ പദ്ധതിയുടെ സൂത്രധാരനായ ശാസ്ത്രജ്ഞന്‍ നവംബര്‍ 27 ന് വെള്ളിയാഴ്ച ഉച്ചക്കാണ് വെടിയേറ്റ് മരിച്ചത്. തലസ്ഥാനമായ തെഹ്‌റാന് കിഴക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. വെടിവെയ്പും സ്‌ഫോടനവും ഒരേ സമയം നടത്തിയ അത്യാധുനിക ആക്രമണമാണിതെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ പറയുന്നത്.




Tags:    

Similar News