തൃശൂർ: രാജ്യത്തിന്റെ 74ാമത് റിപ്പബ്ലിക് ദിനം ജില്ലയിൽ വിപുലമായി ആഘോഷിക്കും. തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ദേശീയപതാക ഉയർത്തും. രാവിലെ 8.30ന് പരേഡ് അണിനിരക്കും. 8.35ന് തൃശൂർ ഡി എച്ച് ക്യൂ ക്യാമ്പ് ഇൻസ്പെക്ടർ കെ വിനോദ് കുമാർ പരേഡിന്റെ ചുമതലയേൽക്കും. 9ന് മന്ത്രി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. വനിതാ സെൽ ഇൻസ്പെക്ടർ പി വി സിന്ധു പരേഡ് സെക്കന്റ് ഇൻ കമാന്റ് ആയി പങ്കെടുക്കും.
ജില്ലാതല പരിപാടിയില്‍ ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവർ പങ്കെടുക്കും. 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. തുടർന്ന് കലാ സാംസ്കാരിക പരിപാടികളും പരേഡിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്ലാറ്റൂണുകൾക്ക് സമ്മാനദാനവും നടക്കും.