തിരുവനന്തപുരം: റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ 9 ന് ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. തുടര്‍ന്ന് റിപബ്ലിക് ദിന സന്ദേശം നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഗവര്‍ണര്‍ക്കൊപ്പം പങ്കെടുക്കും. കൊവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
ജില്ലകളില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ അഡ്വ. ആന്റണിരാജുവും ആലപ്പുഴയില്‍ പി. പ്രസാദും കൊട്ടയത്ത് വി. എന്‍. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരില്‍ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്ററും കാസര്‍കോട് അഹമ്മദ് ദേവര്‍കോവിലും അഭിവാദ്യം സ്വീകരിക്കും.