പൊതുനിരത്തിലെ മരണക്കുഴികള്‍: സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

ആഡംബര വാഹനങ്ങളില്‍, ആധുനിക സൗകര്യങ്ങളോടെ സഞ്ചരിക്കുന്ന മന്ത്രിമാര്‍ക്ക് റോഡിലെ കുഴികള്‍ ബാധകമല്ലായിരിക്കാം

Update: 2022-08-16 13:33 GMT

തിരുവനന്തപുരം: പൊതുനിരത്തുകളിലെ മരണക്കുഴികളില്‍ നിരവധി ജീവനുകള്‍ പൊലിയുമ്പോഴും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നിസ്സംഗത വെടിഞ്ഞ് സത്വര പരിഹാരം കാണണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ആലുവയ്ക്കു പിന്നാലെ ആലപ്പുഴ ദേശീയപാതയിലും കുഴി മൂലം ഒരു യുവാവിന്റെ ജീവന്‍ കൂടി കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു. റോഡ് നിര്‍മാണത്തിലെ അപാകതയും അഴിമതിയുമാണ് പുതിയ റോഡുകളില്‍ പോലും കുഴികള്‍ രൂപപ്പെടാന്‍ കാരണമാവുന്നത്. പാത നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും നിശ്ചിത കാലാവധിക്കു മുമ്പുതന്നെ റോഡുകള്‍ തകരുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കരാര്‍ കമ്പനികള്‍ക്കാണ്. അവരെ കൊണ്ട് അപാകതകള്‍ പരിഹരിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാരും കരാര്‍ മുതലാളിമാരും തമ്മിലുള്ള അവിഹിത ഇടപെടലുകളും അഴിമതിയുമാണ് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ വൈകാനിടയാക്കുന്നത്. ഓരോ വര്‍ഷവും നൂറു കണക്കിനുപേരാണ് റോഡിലെ അപാകതകള്‍ മൂലം അപകടത്തില്‍പെടുന്നത്. റോഡില്‍ സുരക്ഷിത യാത്ര ഒരുക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ബാധ്യതയാണ്.

ഹൈക്കോടതി വരെ സര്‍ക്കാരിന് താക്കീത് നല്‍കിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ നാളുകളില്‍ മഴയെ പഴിചാരി ഒഴിഞ്ഞുമാറിയവര്‍ കാലാവസ്ഥ മാറിയിട്ടും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഏറ്റവും പുതിയ ആഡംബര വാഹനങ്ങളില്‍, ആധുനിക സൗകര്യങ്ങളോടെ സഞ്ചരിക്കുന്ന മന്ത്രിമാര്‍ക്ക് റോഡിലെ കുഴികള്‍ ബാധകമല്ലായിരിക്കാം. സാധാരണ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി തെരുവില്‍ ഇറങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്തക്കുറുപ്പില്‍ മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News