കുഴികളടക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്; എന്‍.എച്ചില്‍ മാത്രമല്ല സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ കുഴിയെന്നും വിഡി സതീശന്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം
തിരുവനന്തപുരം: ദേശീയപാതയില്‍ മാത്രമല്ല സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ കുഴിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം. കുഴികളടക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്. തൃശൂര്‍, എറണാകുളം കലക്ടര്‍മാരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിമാണ് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് മറ്റൊരു വാഹനം കയറിയിറങ്ങി മരിച്ചത്. രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ അര്‍ധരാത്രിയില്‍ തന്നെ റോഡിലെ കുഴികള്‍ അടച്ചിരുന്നു. നിര്‍മാണ കരാറുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു.
ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. നെടുമ്പാശ്ശേരിയിലെ അപകടത്തിന് ഉത്തരവാദികള്‍ കരാറുകാരാണ്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ പി.ഡബ്ല്യൂ.ഡി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.