മാള ടൗണില്‍ മലഞ്ചരക്ക് കടയില്‍ മോഷണം

Update: 2022-04-29 15:08 GMT

മാള: മാള ടൗണില്‍ മലഞ്ചരക്ക് കടയില്‍ നിന്നും 38,000 രൂപ മോഷ്ടിച്ചു. പട്ടാപ്പകലാണ് കവര്‍ച്ച നടന്നത്. കടയുടമ മുരളി ഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍പ്പോയ സമയത്താണ് കട തുറന്ന് മേശയുടെ പൂട്ട് കുത്തിത്തുറന്ന് പണം എടുത്തത്. കടയില്‍നിന്ന് ഷട്ടര്‍ താഴ്ത്തി മുരളി പോകുന്നത് നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് അറിയാന്‍ കഴിയുന്നുണ്ട്.

മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കുരുവിലശ്ശേരി സഹകരണ ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഒരാള്‍ കടയുടെ പുറത്തുനിന്നപ്പോള്‍ മറ്റൊരാള്‍ അകത്ത് കടക്കുകയായിരുന്നു.

കടയിലേക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ മറയുണ്ടായിരുന്നു. പോലിസ് സ്ഥലത്തെത്തി തെളിവ് ശേഖരണം നടത്തി. മാള ടൗണ്‍ കേന്ദ്രീകരിച്ചുള്ള ക്യാമറകളില്‍ കൃത്യമായ ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്. മാള കെ എസ് ആര്‍ ടി സി റോഡിലുള്ള ഒരു വ്യാപാരസ്ഥാപനത്തില്‍നിന്നുള്ള നിരീക്ഷണ ക്യാമറ പരിശോധിക്കാന്‍ പോലിസിനെ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ പോലിസ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

മോഷ്ടാക്കളെ സംബന്ധിച്ച് വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍നിന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പകല്‍ സമയത്ത് തിരക്കുള്ള വ്യാപാരമേഖലയായ ടൗണില്‍ നടന്ന മോഷണം പോലിസിനെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. പോലിസ് സ്‌റ്റേഷന് തൊട്ടടുത്ത് നിന്ന് പോലും പട്ടാപ്പകല്‍ മോഷണം നടന്നിരുന്നുവെങ്കിലും പോലിസിന് ആരെയും പിടികൂടാനായിട്ടില്ല. 

Tags:    

Similar News