വീട് കുത്തിത്തുറന്ന് മോഷണം; പരാതിക്കാരിയുടെ ബന്ധു പിടിയില്‍

Update: 2022-12-24 12:03 GMT

കണ്ണൂര്‍: താണയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. താണയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വനിതാ ഹോസ്റ്റലിലെ ജീവനക്കാരി കെ പുഷ്പലത (73) യുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പരാതിക്കാരിയുടെ അനുജത്തിയുടെ മകളുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് (37) ആണ് കണ്ണൂര്‍ പോലിസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 22ന് വ്യാഴാഴ്ച രാവിലെ വീട് പൂട്ടി 10.30 മണിയോടെ ജോലിസ്ഥലത്തേക്ക് പോയതായിരുന്നു വീട്ടുകാര്‍.

വൈകുന്നേരം 5.15 ഓടെ വീട്ടില്‍ തിരിച്ചെത്തിയ പ്പോഴാണ് മുന്‍വശത്തെ ഗ്രില്ല് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തെ കിടപ്പുമുറിയിലെ അലമാര കട്ടര്‍ കൊണ്ട് കുത്തിത്തുറന്ന മോഷ്ടാവ് സ്വര്‍ണാഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി തൊണ്ടിമുതലുകള്‍ ജ്വല്ലറിയില്‍ വില്‍പ്പന നടത്തി നാടുവിടുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ വീടിന്റെ ഗ്രില്‍സ് കുത്തിത്തുറന്ന് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അലമാര തകര്‍ത്താണ് മോഷണം നടത്തിയത്.

പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് വച്ച് ടൗണ്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരേ പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്. രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്‌ഐ നസീബ്, എഎസ്‌ഐമാരായ രഞ്ജിത്ത്, അജയന്‍, എസ്‌സിപിഒ നാസര്‍, ഷൈജു, സിപിഒ രാജേഷ്, ഷിനോജ്, ബിനു, രജില്‍രാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News