മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് കവര്‍ച്ച; യുവതിയും നാലു യുവാക്കളും പോലിസ് പിടിയില്‍

കഴിഞ്ഞ ശനിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം വൃദ്ധയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2022-01-26 11:32 GMT

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് മാല കവര്‍ച്ച ചെയ്യുന്ന സംഘം പോലിസ് പിടിയില്‍. ഒരു യുവതിയും നാലു യുവാക്കളുമടങ്ങുന്ന സംഘമാണ് കടയ്ക്കാവൂരില്‍ പിടിയിലായത്.

പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍ (21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍ (20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ് (19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം വൃദ്ധയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്.

ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പൊലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടിച്ചത്. പ്രതികള്‍ മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കാണ് കവര്‍ച്ചയ്ക്ക് ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

മോഷ്ടിച്ച വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ പ്രതികളെ സഹായിച്ചിരുന്നത് ജെര്‍നിഷയാണെന്ന് പോലിസ് പറഞ്ഞു. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുകയാണ് യുവതി. ഷമീര്‍, അബിന്‍ എന്നിവര്‍ മുപ്പതോളം കേസുകളില്‍ പ്രതികളാണ്. മോഷ്ടിക്കുന്ന ബൈക്കുകളും സ്വര്‍ണാഭരണങ്ങളും വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനായി വിനിയോഗിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്.

Tags:    

Similar News