5,000 രൂപ പ്രതിമാസ തൊഴിലില്ലായ്മ വേതനം, ഒരു കുടുംബത്തില്‍ കുറഞ്ഞത് ഒരാള്‍ക്ക് തൊഴില്‍; ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴയുമായി കെജ്രിവാള്‍
നൈനിറ്റാല്‍: ആം ആദ്മി പാര്‍ട്ടി ഉത്തരാഖണ്ഡില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. നെനിറ്റാള്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാള്‍. തൊഴിലില്ലായ്മവേതനം പ്രതിമാസം 5,000 രൂപയാക്കും, അധികാരത്തിലെത്തി ആറ് മാസത്തിനകം സര്‍ക്കാര്‍ മേഖലയില്‍ 1,00,000 തൊഴിലുകള്‍ സൃഷ്ടിക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ഉത്തരാഖണ്ഡിലുള്ളവര്‍ക്ക് തൊഴിലില്‍ 80 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
''ഡല്‍ഹിയിലുള്ളതുപോലെ ഒരു ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ സജ്ജീകരിക്കും. അതില്‍ തൊഴില്‍ ദാതാവിന്റെയും തൊഴിലന്വേഷകരുടെയും വിവരങ്ങളുണ്ടാവും''-ഡല്‍ഹിയില്‍ ഇത്തരത്തിലൊന്ന് സജ്ജീകരിച്ചപ്പോള്‍ ഒരു ദശലക്ഷം പേര്‍ക്ക് അത് വഴി തൊഴില്‍ നല്‍കാനായെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പുതിയ വകുപ്പ് രൂപീകരിക്കും. അതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ശ്രമം നടത്താന്‍ കഴിയും. സംസ്ഥാനത്തുനിന്ന് തൊഴിലിനുവേണ്ടി പുറം സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ പ്രശ്‌നങ്ങളും ഈ വകുപ്പ് കൈകാര്യം ചെയ്യും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഈ വകുപ്പിന്റെ ഉത്തരാവദിത്തമാകും.
ബിജെപിക്ക് വോട്ട് ചെയ്താല്‍ ഉത്തരാഖണ്ഡിന് ഓരോ മാസവും ഓരോ മുഖ്യമന്ത്രിമാരെ ലഭിക്കുമെന്നും എന്നാല്‍ എഎപിക്ക് വോട്ട് ചെയ്താല്‍ അഞ്ച് വര്‍ഷവും തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''എല്ലാ പാര്‍ട്ടികളിലും നല്ല മനുഷ്യരുണ്ട്. അവരവിടെ ശ്വാസം മുട്ടിക്കഴിയുകയാണ്''- അത്തരക്കാരെ അദ്ദേഹം എഎപിയിലേക്ക് സ്വാഗതം ചെയ്തു.