ആര്‍എസ്എസ് ബോംബ് നിര്‍മാണം: ശക്തമായ നടപടി സ്വീകരിക്കാന്‍ പോലിസ് ആര്‍ജ്ജവം കാണിക്കണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ ഗുരുതരമായ സ്‌ഫോടന പരമ്പര അരങ്ങേറുമ്പോഴും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും കാണിക്കുന്ന മൗനവും നിസ്സംഗതയും ആശങ്കാജനകമാണ്

Update: 2022-02-17 09:10 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക കലാപങ്ങളും കൂട്ടക്കുരുതിയും നടത്തുന്നതിന് ആര്‍എസ്എസ് ബോംബ് നിര്‍മാണം തകൃതിയായി നടത്തുകയാണെന്നും കേരളത്തെ രക്ഷിക്കുന്നതിന് ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും ആര്‍ജ്ജവം കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കഴിഞ്ഞ ദിവസം വടകര മണിയൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടാവുകയും നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് ക്രിമിനലായ ചെരണ്ടത്തൂരിലെ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. സമീപകാലത്ത് കണ്ണൂര്‍ ജില്ലയിലെ ആറളത്തും പെരിങ്ങോത്തും ബോംബ് പൊട്ടിത്തെറിച്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവങ്ങളെല്ലാം സംസ്ഥാനം സ്‌ഫോടനാല്‍മകമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ ഗുരുതരമായ സ്‌ഫോടന പരമ്പര അരങ്ങേറുമ്പോഴും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും കാണിക്കുന്ന മൗനവും നിസ്സംഗതയും ആശങ്കാജനകമാണ്. ഇടതു സര്‍ക്കാരും ആര്‍എസ്എസ്സും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ്സിനെതിരായ അന്വേഷണങ്ങളും നിയമനടപടികളും വഴിമുട്ടിയിരിക്കുന്നത്. പോലീസ് സേനയിലെ ആര്‍എസ്എസ് സ്വാധീനം കേസ് അട്ടിമറിക്കാനും പ്രതികള്‍ രക്ഷപ്പെടാനും വഴിയൊരുക്കുന്നു. രാഷ്ട്രീയമായി കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട സംഘപരിവാരം കലാപങ്ങളിലൂടെ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

സംസ്ഥാനത്ത് ബോംബ് സ്‌ഫോടനങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു. കണ്ണൂരിലെ തോട്ടടയില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ ബോംബ് സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ഇതിന് ഉദാഹരണമാണ്.

ആര്‍എസ്എസ് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടക്കുന്ന ഭീകരമായ സ്‌ഫോടനങ്ങളും ചര്‍ച്ചയാകാതിരിക്കാനും മാധ്യമങ്ങളുടെ വായ് മൂടാനും ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രചാരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Similar News