കേരളാ പോലിസില്‍ ആര്‍എസ്എസ് ഗ്യാങ്: മുഖ്യമന്ത്രി മറുപടി പറയണമെന്ന് റോയ് അറയ്ക്കല്‍

ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസുകളില്‍ പോലിസിന്റെ 'കരുതല്‍' ഇടതു സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ചര്‍ച്ചയായതാണ്. കേരളാ പോലിസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ വളരെ മുമ്പേ വെളിപ്പെടുത്തിയിരുന്നു.

Update: 2021-09-02 14:05 GMT

തിരുവനന്തപുരം: കേരളാ പോലിസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവനക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കേരളാ പോലിസിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനം വിലയിരുത്തിയ ഘടകകക്ഷിയുടെ നേതാവ് തന്നെ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയ സ്ഥിതിയ്ക്ക് മുഖ്യമന്ത്രിക്ക് ഇനി ഒളിച്ചുകളിക്കാനാവില്ല. ആര്‍എസ്എസ്സിന്റെ വംശീയവും വര്‍ഗീയവുമായ അജണ്ടകള്‍ നടപ്പാക്കുന്ന തരത്തില്‍ പോലിസ് പ്രവര്‍ത്തിക്കുന്നതായി കുറേ കാലമായി ആക്ഷേപമുയരുന്നുണ്ട്. പല കേസുകളിലും അത് വ്യക്തമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നാളിതുവരെ അത്തരം ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസുകളില്‍ പോലിസിന്റെ 'കരുതല്‍' ഇടതു സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ചര്‍ച്ചയായതാണ്. കേരളാ പോലിസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ വളരെ മുമ്പു തന്നെ വെളിപ്പെടുത്തിയിരുന്നതുമാണ്. മുന്‍ ഡിജിപി ടി പി സെന്‍കുമാറും മുന്‍ എസ്പി പി എന്‍ ഉണ്ണിരാജയുള്‍പ്പെടെയുള്ളവര്‍ അതിന്റെ ഉദാഹരണങ്ങളാണ്. പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ നടപടികളില്‍ തന്നെ ആര്‍എസ്എസ്സിന്റെ സ്വാധീനത്തിന് മുഖ്യമന്ത്രി വഴങ്ങിയതായും സംശയിക്കുന്നു. കേരളാ പോലിസിന്റെ കടിഞ്ഞാണ്‍ ആര്‍എസ്എസ്സിന്റെ കൈകളിലായതിനാല്‍ കേവലം റബ്ബര്‍ സ്റ്റാംപ് മാത്രമായി മാറിയ മുഖ്യമന്ത്രി ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. പോലിസിന്റെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെയും വര്‍ഗീയമായ ഇടപെടലുകളെയും ന്യായികരിക്കുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആശ്യപ്പെട്ടു.

Tags:    

Similar News