കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം; കൊലയിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് കരുതേണ്ടന്നും കോടിയേരി

ബിജെപി നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നു

Update: 2022-02-21 06:21 GMT

തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിശീലനം ലഭിച്ച ആര്‍എസ്എസ്-ബിജെപി സംഘമാണ് കൊലനടത്തിയത്. ബിജെപി നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നുവെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നത്. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായി സംഭവങ്ങള്‍ നടന്നു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആര്‍എസ്എസ് ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 3000ത്തിലേറെ പേരാണ് ആ പരിശീലന പരിപാടിയില്‍ പങ്കെടുത്തതെന്നും കോടിയേരി ആരോപിച്ചു. തലശ്ശേരിയില്‍ നിന്ന് ഈ പരിശീലനത്തിന് പങ്കെടുത്ത സംഘമാണ് കൊലനടത്തിയത്. ഈ സംഭവം അന്വേഷിക്കണം.

കൊലപാതകത്തില്‍ സിപിഎം ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെ വെക്കാന്‍ തയ്യാറല്ലെന്നാണ് ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളില്‍ നിന്നും മനസിലാകുന്നതെന്നും പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു. കൊലപാതകം നടത്തിയിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍എസ്എസ്-ബിജെപി സംഘങ്ങള്‍ കരുതേണ്ട. കണ്ണൂര്‍ ജില്ലയിലടക്കം ഇതെല്ലാം അതിജീവിച്ചാണ് സിപിഎം വന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News