ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല: നരേന്ദ്രമോദി
അഫ്ഗാനിസ്ഥാനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് പ്രധാനമന്ത്രി കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യന്‍ നിലപാട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് കശ്മീര്‍ വിഷയം പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയതാണ് പ്രധാനമന്ത്രി. അഫ്ഗാനിസ്ഥാനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് പ്രധാനമന്ത്രി കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യന്‍ നിലപാട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയത്.
ഇന്ത്യയും റഷ്യയും വിശ്വസിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത് എന്ന് തന്നെയാണ്. അഫ്ഗാനിസ്ഥാനില്‍ ശാക്തവും സുസ്ഥിരവും ജനാധിപത്യ രീതിയിലുള്ള സര്‍ക്കാര്‍ വരാനാണ് ഇന്ത്യയും റഷ്യയും ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. ആണവപ്രതിരോധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രാജ്യാന്തര സഹകരണം മാത്രമല്ല ആര്‍ടിക്, അന്റാര്‍ട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഇരു രാജ്യങ്ങളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.