കേന്ദ്ര പദ്ധതികള്‍ വിലയിരുത്തേണ്ടത് കേന്ദ്ര മന്ത്രിമാരുടെ ചുമതല; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി എസ് ജയശങ്കര്‍
സ്വര്‍ണക്കടത്ത് കേസില്‍ നടപടിയുണ്ടാവും
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ജനങ്ങളെയും അവരുടെ താല്‍പര്യവും അടുത്തറിയണം. കേന്ദ്ര പദ്ധതികള്‍ വിലയിരുത്തേണ്ടത് കേന്ദ്ര മന്ത്രിമാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാനാണ് സന്ദര്‍ശിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ക്ക് വികസനമെന്ന് പറയാനാണ് ഇഷ്ടം. മറ്റു ചിലര്‍ക്ക് അത് രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവര്‍ക്കും മനസ്സിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 2024ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം ഉള്‍ക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മുഖ്യമന്ത്രി പറഞ്ഞത്
''വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്‌ളൈഓവറിന്റെ മുകളില്‍നിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നു എന്നു പറയുമ്പോള്‍ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാര്‍ക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ തീര്‍ക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്‌ളൈഓവര്‍ നോക്കാന്‍ വേണ്ടി കേരളത്തില്‍ വന്നെങ്കില്‍ അത് കേവലമായൊരു ഫ്‌ളൈഓവര്‍ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.''മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എസ് ജയശങ്കറിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നവെന്ന വിവരമാണ് പുറത്ത് വരുന്നത്. അതിന്റെ ഭാഗമായി നിരവധി മത സമൂഹിക നേതാക്കളെ ജയശങ്കര്‍ സന്ദര്‍ശിച്ചിരുന്നു.