മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ല; രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് എസ് രാജേന്ദ്രന്‍
ദേവികുളം മുന്‍ എംഎല്‍എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എസ് രാജേന്ദ്രനെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ദേവികുളം: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സിപിഎം പുറത്താക്കിയ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ദേവികുളം മുന്‍ എംഎല്‍എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എസ് രാജേന്ദ്രനെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇതിനു പിന്നാലെയാണ് രാജേന്ദ്രന്റെ പ്രഖ്യാപനം. ഇനിയും ഉയര്‍ന്നുവരാന്‍ നേതാക്കളുണ്ട്. അവരുടെ അവസരം തട്ടിക്കെടുത്താനാകില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. എന്താണ് പാര്‍ട്ടി എന്ന് അറിയാത്ത കാലത്ത് കൂടിയതാണ് സിപിഎമ്മിനൊപ്പം അങ്ങനെയുള്ള തനിക്ക് മറ്റൊരു പാര്‍ട്ടിയില്‍ പോവാനാവില്ലെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജേന്ദ്രനെതിരേ നടപടി സ്വീകരിച്ചത്. അദ്ദേഹത്തിനെതിരേ കടുത്ത നടപടി വേണമെന്ന ഇടുക്കി ജില്ലാ ഘടകത്തിന്റെ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. അതേസമയം, പാര്‍ട്ടി നടപടി തനിക്കറിയില്ല എന്നായിരുന്നു രാജേന്ദ്രന്റെ ആദ്യ പ്രതികരണം.
ദേവീകുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജ 10000ത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരിന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഭൂരിപക്ഷം 7800ലേക്ക് ചുരുങ്ങി. ഇതോടെയാണ് മൂന്ന് തവണ എംഎല്‍എ ആയിരുന്ന എസ് രാജേന്ദ്രനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്. എ രാജയെ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ബ്രാഞ്ച് തലം മുതലുള്ള പ്രവര്‍ത്തകരും രാജേന്ദ്രനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു.
അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. മാത്രമല്ല, പ്രചരണപരിപാടിയില്‍ രാജയുടെ പേര് പോലും പറഞ്ഞില്ല, ജാതി പറഞ്ഞ് എ രാജയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തി.