ശബരിമല മണ്ഡലമകരവിളക്ക്: തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ഇടത്താവളങ്ങള്‍

Update: 2022-11-27 14:01 GMT

കോട്ടയം: സുഗമമായ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്ക് വിപുലമായ സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങള്‍. തിരുനക്കര, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂര്‍ എന്നിവയാണ് ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങള്‍. വെര്‍ച്വല്‍ ക്യൂവിനുള്ള സൗജന്യ ബുക്കിംഗ്, ഭക്ഷണം, കുടിവെള്ളം, വിരിവയ്ക്കല്‍, കെട്ടുനിറയ്ക്കല്‍, മെഡിക്കല്‍ സേവനങ്ങള്‍, പാര്‍ക്കിംഗ്, ടോയ്‌ലറ്റ് എന്നിവയടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇടത്താവളങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയിട്ടുളത്. എല്ലാ ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നു. കാനനപാതകളില്‍ ഓക്‌സിജന്‍ പാര്‍ലര്‍ സൗകര്യവുമുണ്ട്.

വിവിധ ഇടത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ ചുവടെ:

ഏറ്റുമാനൂര്‍

വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറേ മൈതാനം, ശ്രീകൈലാസ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍ ജ്യോതി പറഞ്ഞു. കെട്ടുനിറയ്ക്കാനുള്ള സൗകര്യമുണ്ട്. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് അത്താഴക്കഞ്ഞിയും നല്‍കുന്നു. ചുക്കു വെള്ള വിതരണവുമുണ്ട്. ക്ഷേത്ര മൈതാനത്ത് വാഹന പാര്‍ക്കിംഗിന് സൗകര്യമുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആയുര്‍വേദം, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെല്‍ത്ത് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നു. സുരക്ഷയ്ക്കായി 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റും അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 7.30 ന് ഇവിടെനിന്ന് പമ്പയിലേക്ക് കെ.എസ്. ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വീസുമുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ് ബുക്കിംഗിനുള്ള സഹായവും ലഭിക്കും. പ്രഥമികാവശ്യങ്ങള്‍ നിറവേറ്റാനായി കംഫര്‍ട്ട് സ്‌റ്റേഷനുണ്ട്.

തിരുനക്കര

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ ശിവശക്തി ഓഡിറ്റോറിയത്തില്‍ ഷെല്‍ട്ടര്‍ തുറന്നിട്ടുണ്ട്. അയ്യപ്പനടയില്‍ കെട്ടുനിറയ്ക്കാന്‍ സൗകര്യമുണ്ട്. അത്താഴക്കഞ്ഞിയും കുടിവെള്ളവും ചുക്കു കാപ്പിയും ലഭിക്കും. മൈതാനത്ത് പാര്‍ക്കിംഗിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം ലഭ്യമാണ്. കെ.എസ്.ആര്‍.ടി.സി. ബസ് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമുണ്ട്. എല്ലാ ദിവസവും വൈകിട്ട് ഒമ്പതിന് ഇവിടെ നിന്ന് പമ്പയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുമുണ്ടെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ആര്‍. മീര പറഞ്ഞു.

വൈക്കം

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനും ഊട്ടുപുരയില്‍ വിരിവയ്ക്കാനും സൗകര്യമുണ്ടെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. അനില്‍ കുമാര്‍ പറഞ്ഞു. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം ലഭിക്കും. കുടിവെള്ള വിതരണമുണ്ട്. കെട്ടുനിറയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. അമ്പല മൈതാനത്തും ദേവസ്വം സ്ഥലത്തുമായി പാര്‍ക്കിംഗ് സൗകര്യമുണ്ട്. ടോയ്‌ലറ്റ് സൗകര്യവുമുണ്ട്.

എരുമേലി

തീര്‍ത്ഥാടകര്‍ ഏറെയെത്തുന്ന എരുമേലിയില്‍ വിവിധ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. വിവിധ വകുപ്പുകള്‍ മികച്ച രീതിയില്‍ സേവനം നല്‍കുന്നതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. ശ്രീധര ശര്‍മ പറഞ്ഞു. വെല്‍ച്വല്‍ ക്യൂ സ്‌പോട് ബുക്കിംഗ് സൗകര്യമുണ്ട്. കുടിവെള്ളം, ചുക്കുവെള്ളം, ഉച്ചയ്ക്ക് ഔഷധ കഞ്ഞി, അത്താഴക്കഞ്ഞി എന്നിവയുണ്ട്. ഒരേ സമയം 300 പേര്‍ക്ക് വിരിവയ്ക്കാന്‍ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൗകര്യമുണ്ട്. പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ ശൗചാലയങ്ങള്‍ തുറന്നിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കു വിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഹോമിയോ, ആയുര്‍വേദം, അലോപ്പതി വിഭാഗങ്ങളുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഡെസ്‌ക്കുണ്ട്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും 24 മണിക്കൂര്‍ സേവനമുണ്ട്. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഇത്തവണ പ്രത്യേക ഡ്യൂട്ടി മജിസ്‌ട്രേറ്റിനെയും നിയോഗിച്ചിട്ടുണ്ട്.

കടുത്തുരുത്തി

കടുത്തുരുത്തി ക്ഷേത്രത്തില്‍ വിരിവയ്ക്കുന്നതിന് വിരി പന്തലില്‍ സൗകര്യമുണ്ട്. പ്രഭാത ഭക്ഷണവും ചുക്കു വെള്ളവും നല്‍കുന്നു. ഗോപുരത്തിനു താഴ്ഭാഗത്തായി പാര്‍ക്കിംഗ് സൗകര്യമുണ്ട്. ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു.

കടപ്പാട്ടൂര്‍

തീര്‍ഥാടകര്‍ക്ക് പന്തലില്‍ വിരിവയ്ക്കുന്നതിന് സൗകര്യമുണ്ട്. ഭക്തര്‍ക്കായി അന്നദാനമുണ്ട്. പൊലീസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. ആയുര്‍വേദം , ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെല്‍ത്ത് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. കുളിക്കടവില്‍ സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News