മന്ത്രി മിതത്വം പാലിക്കേണ്ടിയിരുന്നു; സജി ചെറിയാന്‍ രാജി വെക്കേണ്ടതില്ലെന്നും സിപിഎം

നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനം

Update: 2022-07-06 08:17 GMT

തിരുവനന്തപുരം: ഭരണഘടനാ വിമര്‍ശനത്തില്‍ തല്‍ക്കാലം മന്ത്രി സജി ചെറിയാന്‍ രാജി വെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം. കേസ് കോടതിയില്‍ എത്താത്ത സാഹചര്യത്തിലാണ് മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായത്. എന്നാല്‍ യോഗത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നു. മന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നു, ഈ സംഭവത്തോടെ മന്ത്രി എതിരാളികള്‍ക്ക് ആയുധം നല്‍കുകയാണ് ചെയ്തതെന്നായിരുന്നു വിമര്‍ശനം.

അതേസമയം, മന്ത്രി തന്റെ വിശദീകരണം ആവര്‍ത്തിച്ചു. സംഭവിച്ചത് നാക്കുപിഴയാണ്, ഭരണഘടനയെ അല്ല, മറിച്ച് ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ താന്‍ എന്തിന് രാജി വെക്കണമെന്ന ചോദ്യമാണ് സജി ചെറിയാന്‍ ഉന്നയിച്ചത്. എന്താണ് പ്രശ്‌നം, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമാര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സജി ചെറിയാനും അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. എകെജി സെന്ററിലെത്തിയപ്പോള്‍ സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് അറിയുന്നത്.

മന്ത്രിക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് എട്ട് മിനിട്ട് മാത്രമാണ് നിയമസഭ ചേരാനായത്. സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. 

Tags:    

Similar News